National
ചുരാചന്ദ്പുർ: മണിപ്പുരിൽ തീവ്രവാദിയെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ചുരാചന്ദ്പുർ ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ.
ആസാം റൈഫിൾസും കരസേനയും സംയുക്തമയാണ് തീവ്രവാദികളെ നേരിട്ടത്.
എകെ 47 റൈഫിളും വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും സുരക്ഷാസേന പിടിച്ചെടുത്തു. അതേസമയം, സംഭവത്തെ ബിജെപി എംഎൽഎ ഹെംഗ്ലെപ് ലെറ്റ്സമാംഗ് അപലപിച്ചു.
National
ഇംഫാൽ: മണിപ്പുരിൽ വീണ്ടും അതിക്രൂരമായ വംശീയാക്രമണം. കാങ്പോക്പിയിൽ സായുധസംഘം നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു.
കുക്കി മേധാവിത്വ പ്രദേശമായ സൈതു-ഗാംഫസോളിലെ ലോയ് ബോൾ ഖുല്ലെൻ ഗ്രാമത്തിൽ ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് ആക്രമണം. വെടിവയ്പിനു പിന്നാലെ ഏഴ് വീടുകൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു.
വനമേഖലയിലെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് ഓടിമറഞ്ഞാണ് അവശേഷിച്ച ഗ്രാമവാസികൾ ജീവൻ രക്ഷിച്ചത്. തിൻമേരി ഹാക്കിപ്, ലെത്ഖോഗം ഹാക്കിപ്പ്, ജംഗ്മിൻലാൽ ഹാക്കിപ്പ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു.
തോക്കുകളുമായി എത്തിയ അക്രമികള്‍ കണ്ണിൽക്കണ്ടവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ഗ്രാമവാസികള്‍ പറഞ്ഞു. സംഭവത്തെത്തുടർന്ന് പ്രദേശത്തേക്ക് കൂടുതൽ സേന എത്തിയിട്ടുണ്ട്.
ആക്രമണത്തെ മുഖ്യമന്ത്രി വൈ. ഖേംചന്ദ് അപലപിച്ചു. അക്രമികളെ എത്രയും വേഗം പിടികൂടാൻ നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.
ഇരയായ കുടുംബങ്ങൾക്ക് ആശ്വാസ നടപടികൾ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആക്രമണത്തെ കുക്കി ഇൻപി മണിപ്പുരും (കെഐഎം) അപലപിച്ചു.
National
ഇംഫാൽ: മണിപ്പൂരിലെ വംശീയസംഘർഷത്തിനു പരിഹാരം കാണാൻ ബാപ്റ്റിസ്റ്റ് സഭാ നേതൃത്വങ്ങളുടെ ശ്രമം.
പരസ്പരം പോരടിക്കുന്ന നാഗ, കുക്കി സമുദായങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കുന്നതിനായി കൗൺസിൽ ഫോർ ബാപ്റ്റിസ്റ്റ് ചർച്ചസ് ഇൻ നോർത്ത് ഈസ്റ്റ് ഇൻഡ്യ (സിബിസിഎൻഇഐ), മണിപ്പുർ ബാപ്റ്റിസ്റ്റ് കൺവെൻഷൻ (എംബിസി) സംഘങ്ങൾ കാങ്പോക്പിയിലും സേനാപതിയിലും സന്ദർശനം നടത്തും.
നാഗ, കുക്കി വിഭാഗങ്ങളിൽ നിന്നുള്ള 38 പേരെ അടുത്തിടെ സായുധസംഘങ്ങൾ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിൽ 14 നാഗകളെയും 16 കുക്കികളെയും വിവിധഘട്ടങ്ങളിലായി മോചിപ്പിച്ചിരുന്നു.
അതേസമയം നാഗ വിഭാഗത്തിൽപ്പെട്ട ആറുപേർ ഇപ്പോഴും ബന്ദിയായി തുടരുകയാണ്. എന്നാൽ കുക്കി വിഭാഗക്കാരായ പതിനാല് പേർ ഇപ്പോഴും ബന്ദികളാണെന്നാണ് കുക്കികളുടെ വാദം.സമാധാനശ്രമങ്ങൾക്ക് സഭാ നേതൃത്വം നൽകുന്ന സംഭാവനകളെ മുഖ്യമന്ത്രി വൈ.ഖേംചന്ദ് സിംഗ് പ്രസംശിച്ചു.
National
ഇംഫാല്‍: മണിപ്പുരിലെ കാങ്പോക്പിയില്‍ സായുധസംഘത്തിന്റെ ആക്രമണത്തിൽ മൂന്നു ബാപ്റ്റിസ്റ്റ് പാസ്റ്റർമാര്‍ക്കു ദാരുണാന്ത്യം.
സഭാ സമ്മേളനത്തിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനത്തിനുനേരേ നടുറോഡിൽവച്ച് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. മൂന്നു പാസ്റ്റർമാരും സംഭവസ്ഥലത്ത് മരിച്ചുവീണു.
മണിപ്പുര്‍ ബാപ്റ്റിസ്റ്റ് കണ്വന്ഷന് (എംബിസി) മുന്‍ ജനറല്‍ സെക്രട്ടറിയും തഡോ ബാപ്റ്റിസ്റ്റ് അസോസിയേഷൻ (ടിബിഎ) അംഗവുമായ വി. സിറ്റ്ലൗ, സഹപ്രവർത്തകരായ വി. കൈഗൗലുന്‍, പഗോഗുലെന് എന്നീ പാസ്റ്റർമാരാണു കൊല്ലപ്പെട്ടത്. പാസ്റ്റർമാരായ എസ്.എം ഹാവോപു, ഹെകായ് സിംറ്റെ, പാവോതാംഗ് എന്നിവർക്കും ഡ്രൈവര്‍മാരായ ലെലെന്‍, ഗൗമാംഗ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
വംശീയസംഘര്‍ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ കൊഹിമയില്‍ നാഗാലാന്‍ഡ് ജോയിന്റ് ക്രിസ്ത്യന്‍ ഫോറവുമായി സഹകരിച്ച് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് കൊല്ലപ്പെട്ട വി. സിറ്റ്ലൗ.
ചുരാചന്ദ്പുരിലെ ലാംകയില്‍ നടന്ന സഭാസമ്മേളനത്തിനുശേഷം രണ്ട് വാഹനങ്ങളിലായാണു സംഘം കാങ്പോക്പിയിലേക്കു തിരിച്ചത്. ഏറെക്കുറെ വിജനമായ കോട്സിം ഗ്രാമത്തിനും കോടെയ്ന് ഗ്രാമത്തിനും ഇടയിലാണ് ആക്രമണം.
വെടിവയ്പിന്റെ പശ്ചാത്തലത്തിൽ മണിപ്പുരിനെ നാഗാലാന്‍ഡുമായി ബന്ധിപ്പിക്കുന്ന ദേശീയപാത രണ്ട് അടച്ചു. കാങ്പോക്പിയിലും സമീപത്തെ കുക്കി മേധാവിത്വ മേഖലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രതിഷേധ പരിപാടികളും വ്യാപകമാണ്.
ആക്രമണം ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മണിപ്പുര്‍ ബിജെപി വക്താവ് മൈക്കിള്‍ ലാംജതോംഗ് അഭിപ്രായപ്പെട്ടു. കുക്കികളുമായി ബന്ധമില്ലാത്ത വ്യത്യസ്ത വിഭാഗമാണ് തഡോകള്.
കുക്കികള്‍ എന്നു തെറ്റിദ്ധരിക്കപ്പെടുന്നതിനാല്‍ തഡോ വിഭാഗം ഒട്ടേറെത്തവണ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മതനേതാക്കള്ക്കുനേരേ അതിക്രൂരമായ ആക്രമണമാണു നടന്നതെന്ന് കുക്കി സ്റ്റുഡന്റ് അസോസിയേഷനും പറഞ്ഞു.
National
ഇംഫാൽ: മണിപ്പുരിൽ ഇംഫാലിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി. ബിഷ്ണുപുർ ജില്ലയിലായിരുന്നു സംഘർഷം.
തുടർന്ന് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിൻഗുംഗേയി മേഖലയിലായിരുന്നു സംഘർഷമുണ്ടായത്. ഈയിടെ പ്രദേശത്തിനു സമീപം രണ്ടു കുട്ടികൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
സായുധസംഘം പ്രദേശത്ത് എത്തിയെന്ന അഭ്യൂഹത്തെത്തുടർന്ന് സംഘർഷം വ്യാപകമായി. കണ്ണീർവാതകം ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ സുരക്ഷാസേന തുരത്തിയത്.
പത്തിലേറെ പേർക്കു നേരിയ പരിക്കേറ്റു. ഒരു നാലുചക്ര വാഹനം പ്രതിഷേധക്കാർ കത്തിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തെന്നു പോലീസ് അറിയിച്ചു. സുരക്ഷാസേന പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തി.
National
ഇംഫാൽ: മണിപ്പൂരിലെ ഉഖ്റുൽ ജില്ലയിൽ അനധികൃതമായി നിർമിച്ച ആറു ബങ്കറുകൾ സുരക്ഷാസേന തകർത്തു.
ലിറ്റാൻ പ്രദേശത്ത് സായുധസംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ ഈ ബങ്കറുകൾ ഉപയോഗിച്ചിരുന്നെന്നും അന്ന് മൂന്നു പേർക്ക് പരിക്കേറ്റിരുന്നെന്നും പോലീസ് പറഞ്ഞു.
ലിറ്റാൻ, മോങ്കോട്ട് ചെപ്പു അപ്പർ ഗ്രാമപ്രദേശങ്ങളിൽ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് അനധികൃതമായി നിർമിച്ച ബങ്കറുകൾ കണ്ടെത്തിയതെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
National
ഇംഫാൽ: മണിപ്പുരിൽ മാധ്യമപ്രവർത്തകനെ വെടിവച്ചുകൊല്ലാൻ ആയുധധാരികളായ സംഘത്തിന്റെ ശ്രമം.
ഇംഫാൽ ഈസ്റ്റിൽ ഹട്ട സെമിത്തേരിക്കു സമീപം ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് മണിപ്പുരി ദിനപത്രമായ നഹരോൾ തൗഡാംഗിന്റെ എഡിറ്റർ ഖൊയ്റാം ലോയലക്പയുടെ കാർ ഒരുസംഘം ആക്രമിച്ചത്.
വെടിവയ്പിനു ശേഷം ഇദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു. രണ്ടുതവണ അക്രമികൾ വെടിവച്ചതോടെ കാറിന്റെ പുറകുവശത്തെ ചില്ലുകൾ തകർന്നു.
മൂക്കിന് ഉൾപ്പെടെ പരിക്കേറ്റ നിലയിൽ ഇദ്ദേഹത്തെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണവും തുടങ്ങി. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
National
ഇംഫാൽ: മണിപ്പുരിൽ ബിജെപി നേതാവ് യുമാൻ ഖേംചന്ദ് മന്ത്രിസഭയിൽ മൂന്ന് കുക്കി എംഎൽഎമാർ പങ്കാളികളായതിനെത്തുടർന്ന് പ്രതിഷേധം ശക്തമാകുന്നു. കുക്കി മേധാവിത്വ പ്രദേശമായ ചുരാചന്ദ്പുരിൽ വാഹന ഗതാഗതം തടഞ്ഞ പ്രതിഷേധക്കാർ പോലീസിനു നേരേ കല്ലെറിയുകയായിരുന്നു. ടയറുകൾ കത്തിച്ച് ഗതാഗത തടസവും സൃഷ്ടിച്ചു.
ബുധനാഴ്ചയാണ് ഖേംചന്ദ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉപമുഖ്യമന്ത്രിമാരായി കുക്കി വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംച കിപ്ജെനും നാഗ പീപ്പിൾസ് ഫ്രണ്ടിലെ എൽ. ദിഖോയും ഇതോടൊപ്പം ചുമതലയേറ്റിരുന്നു.
സർക്കാരിൽ പങ്കാളിയായ മൂന്ന് കുക്കി എംഎൽഎമാർക്ക് കുക്കി സംഘടനകൾ സാമൂഹ്യ ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ്തെയ് വിഭാഗക്കാരുമായി ചേർന്ന് കുക്കികളെ എംഎൽഎമാർ വഞ്ചിച്ചുവെന്നാണ് ആരോപണം. പത്ത് കുക്കി എംഎൽഎമാരാണ് നിയമസഭയിലുള്ളത്.
ഇതിൽ ഏഴു പേരും ബിജെപിക്കാരാണ്. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഗവർണറെ കണ്ട എൻഡിഎ സംഘത്തിൽ ഹമർ ഗോത്രത്തിൽനിന്നുള്ള എൻ. സനതെ എംഎൽഎയും ഉണ്ടായിരുന്നു. മറ്റൊരു കുക്കി എംഎൽഎയായ എൽ.എം. ഖൗട്ടെയും സംഘത്തിലുണ്ടായിരുന്നു.
കുക്കി വിഭാഗത്തിന്റെ ഭാഗമായ ഹമർ വിഭാഗവും. എംഎൽഎമാർ സർക്കാരിൽ പങ്കാളികളായത് കഴിഞ്ഞ ജനുവരി 13 ലെ ലുംഗ്തു പ്രമേയത്തിന്റെ ലംഘനമാണെന്നാണ് കുക്കി സോ കൗൺസിൽ പറയുന്നത്.
National
ഇംഫാൽ: മണിപ്പുരിലെ ഇംഫാലിൽ മൂന്നു ഭീകരരെ സുരക്ഷാസേന പിടികൂടി. വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെടെ നിരോധിത സംഘടനകളിലെ അംഗങ്ങളാണിവർ.
തോക്കുകളും സ്ഫോടകവസ്തുക്കളും കണക്കിൽപ്പെടാത്ത 60,300 രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. സ്കൂളുകൾ, ഇഷ്ടിക നിർമാതാക്കൾ, ആശുപത്രികൾ എന്നിവയിൽനിന്ന് പണം പിടിച്ചുപറിക്കുന്നതു സംഘം പതിവാക്കിയിരുന്നു.
National
ന്യൂഡല്‍ഹി: വംശീയ കലാപത്തിന്റെ രണ്ടാണ്ട് പിന്നിടുന്ന മണിപ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 13ന് മണിപ്പുരിലും മിസോറാമിലും മോദി എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മിസോറാമിൽ 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരംഗ് റെയിൽവേ ലൈൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം മണിപ്പുരിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023ൽ മണിപ്പൂർ കലാപം സംഘർഷം ആരംഭിച്ച ശേഷമുള്ള മോദിയുടെ ആദ്യ മണിപ്പുർ സന്ദർശനമാകും ഇത്. എന്നാൽ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മണിപ്പുർ അധികൃതർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ തിങ്കളാഴ്ച വിവിധ വകുപ്പുകളുമായും നിയമ നിർവഹണ ഏജൻസികളുമായും യോഗം വിളിച്ചുചേർത്തിരുന്നു.
2023 മേയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ മെയ്തേയ്-കുക്കി സമുദായങ്ങള്‍ തമ്മില്‍ നടന്ന രൂക്ഷമായ വംശീയ ഏറ്റുമുട്ടലില്‍ 260 ലേറെ പേരാണ് കൊല്ലപ്പെട്ടത്. കലാപത്തില്‍ ഏകദേശം 60,000 പേര് അഭയാര്‍ഥി ക്യാമ്പുകളിലാണ് ഇപ്പോഴും ജീവിക്കുന്നത്. മണിപ്പുരിൽ കഴിഞ്ഞ ആറുമാസമായി രാഷ്ട്രപതി ഭരണമാണ്.
വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.
National
ഇംഫാൽ: മണിപ്പുരിലെ അഞ്ച് ജില്ലകളിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ 90 തോക്കുകളും എഴുനൂറോളം വെടിക്കോപ്പുകളും കണ്ടെത്തി. 2023 മേയിൽ തുടങ്ങിയ വംശീയപോരിനുശേഷം പോലീസിന്റെ ആയുധശാലയിൽനിന്നു മോഷ്ടിച്ചവയാണ് കണ്ടെത്തിയ ആയുധങ്ങളിൽ ഏറെയും.
ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബാൽ, കക്ചിംഗ്, ബിഷ്ണുപുർ ജില്ലകളിൽനിന്നും മണിപ്പുർ പോലീസ്, സിആർപിഎഫ്, ബിഎസ്എഫ്, കരസേന, ആസാം റൈഫിൾസ് തുടങ്ങിയവരാണ് ആയുധങ്ങൾ കണ്ടെത്തിയത്. മൂന്ന് എകെ ശ്രേണിയിലു ള്ള തോക്കുകൾ ഒരു എം 16 റൈഫിൾ, അഞ്ച് ഇൻസാസ് റൈഫിളുകൾ തുടങ്ങിയ പിടിച്ചെടുത്തവയിലുണ്ട്.